2009 നവംബർ 19, വ്യാഴാഴ്‌ച
വിപ്ലവകാരിയും ഗാന്ധിചിത്രവും..
കലാലയത്തിന്റെ നടുമുറ്റത്ത് പടര്ന്നു പന്തലിച്ചു നില്ക്കുന്ന വാകമരത്തില്‍ ചാരി നിന്നു ബ്രിട്ടോ ഒരു തുണ്ടുകടലാസില്‍ എന്തോ കുത്തിക്കുറിക്കുകയാണ്.എന്തെങ്കിലും മുദ്രാവാക്യങ്ങളോ കവിതയോ മറ്റോ ആയിരിക്കും...അവന്‍റെ ചങ്ങാതിമാര്‍ക്കിത് ഒട്ടും തന്നെ പുതുമയല്ല. കുട്ടിക്കാലം മുതലേ ബ്രിട്ടോയുടെ ഉള്ളില്‍ ഒരു വിപ്ലവ ചിന്ത ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. അവനിലെ ചിന്താ ശക്തിയും പ്രത്യുത്പന്നമഥിത്വവും സാഹിത്യവാസനയും എല്ലാം അവന്‍റെ ഉള്ളിലെ വിപ്ലവ ചിന്തക്ക് ഉയര്‍ന്നു പോങ്ങുവാനുള്ള ചവിട്ടുപടികളായി മാറി.
വിനയം നിറഞ്ഞു തുളുമ്പുന്ന സംസാരം ...വാക്കുകളില്‍ തികഞ്ഞ ആത്മാര്‍ഥത... സൌമ്യമായ പെരുമാറ്റം.. പ്രസന്നമായ മുഖഭാവം...ശക്തമായ പ്രസംഗ പാടവം...മറ്റാരിലുമില്ലാതതുപൊലെ സര്‍ഗ്ഗാത്മകത... ഇതെല്ലാം അവന്‍റെ പ്രത്യേകതകള്‍ ആയിരുന്നു....'' ചെമ്പകപ്പൂവിലെ പുഴുവല്ല വിപ്ലവം....കത്തുന്ന തീയുടെ ചൂടാണ് വിപ്ലവം....'' അന്തരീക്ഷത്തില്‍ മുഴങ്ങുന്ന അവന്‍റെ ആ ശബ്ദത്തിനു വേണ്ടി കാതോര്‍ക്കുന്നത് ആയിരങ്ങള്‍ ആണ്..താന്‍ ചവിട്ടുന്ന മണല്‍ തരികളില്‍ പോലും വിപ്ലവത്തിന്‍റെ ചുവപ്പ് പകര്‍ന്നു കൊടുക്കുവാന്‍ ബ്രിട്ടോക്ക് കഴിഞ്ഞിരുന്നു.
ഒരുകൂട്ടം കാക്കകള്‍ പതിവുപോലെ എച്ചില്‍ പൊതികള്‍ കൊത്തിവലിക്കുകയാണ്.. എവിടെ നിന്നോ കുറെ തെരുവ് നായ്ക്കളും വന്നുകൂടിയിട്ടുണ്ട് . അടിച്ചുവാരുന്ന സാവിത്രി ചേച്ചി അതിനിടയില്‍ നിന്നു അവറ്റകളോടെല്ലാം എന്തൊക്കെയോ വിളിച്ചുകൂവുന്നു..മറുവശത്ത് ബൈക്കുകളുടെ കോലാഹലം... ക്യാന്റീനില്‍ ആണെങ്കില്‍ ഉച്ച ഭക്ഷണത്തിന്‍റെ തിരക്ക്...ബ്രിട്ടോ ഇതൊന്നും അറിയുന്നേയില്ല...അവന്‍ മറ്റേതോ മായിക ലോകത്തില്‍ ആണ്.. തന്നെ തന്നെ നോക്കി പുഞ്ചിരിച്ചു നില്ക്കുന്ന കനകാംബരപ്പൂക്കളെ അവന്‍ കണ്ടില്ലെന്നു നടിച്ചു. ഇടക്കെപ്പോഴോ ചുമന്ന നിറമുള്ള ഒരു ചെമ്പരത്തിപ്പൂവിന്റെ മിഴികള്‍ തന്നെതെടി അലയുന്നത് അവന്റെ ശ്രദ്ധയില്‍ പെട്ടു. . ആ മനസ്സുകളുടെ സംവേദനം, തത്തിക്കളിച്ചു എപ്പോഴും അവിടെ എത്താറുണ്ടായിരുന്ന ഇളം കാറ്റു പോലും അറിഞ്ഞിരുന്നില്ല......
വര്‍ഷങ്ങള്‍ക്കു ശേഷം ആള്‍ക്കൂട്ടത്തിനിടയില്‍ എവിടെയോ മുഷിഞ്ഞ വേഷത്തില്‍ ...അലസമായ മുഖ ഭാവത്തോടെ... മദ്യത്തിന്റെ ദുര്ഗന്ധവുമായി... ഒരു ലകക്‍ഷ്യവുമില്ലാതെ അലഞ്ഞു തിരിയുന്ന ബ്രിട്ടോയുടെ രൂപം അത്യധികം വേദനാ ജനകമായിരുന്നു. ചെമ്പരത്തിപ്പൂവിന്റെ ആ ചുവപ്പ് നിറം മായിക്കാനാവാത്ത ഒരു രക്തക്കറ പോലെ ബ്രിട്ടോയുടെ ഹൃദയത്തില്‍ വീണു കിടന്നിരുന്നു...നഷ്ടപ്പെടലിന്റെ മുറിപ്പാടില്‍ നിന്നും ഒലിച്ചിറങ്ങുന്ന രക്തകണങ്ങള്‍... അതിന്റെ വേദനയില്‍ പിടയുന്ന ബ്രിട്ടോ എന്ന ചെറുപ്പക്കാരന്‍ സ്വയം മറന്നു ഇല്ലാതായിക്കൊണ്ടിരിക്കുകയായിരുന്നു. കൈയ്യെത്തും ദൂരത്തു നിന്നു ഓടിയകന്നതെന്തോ അത് തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ...
കിളികളുടെ ശബ്ദം പകലിന്റെ ആരവം കൂട്ടുകയാണ്..ഇവറ്റകള്‍ എന്തിനാണിങ്ങനെ എപ്പോഴും ബഹളം ഉണ്ടാക്കികൊണ്ടിരിക്കുന്നത്...?? അല്‍പ സമയമെങ്കിലും ഒന്നു ശാന്തമായിരുന്നെങ്ങില്‍....
കവലകളില്‍ ആണെങ്കില്‍ ആളുകളുടെ സംഘം ചേര്‍ന്നുള്ള കൂക്ക് വിളികളും പാര്‍ടി മീറ്റിങ്ങുകളും മറ്റും... ജീവജാലങ്ങളെല്ലാം പ്രകൃതിയില്‍ അവരവരുടെ സാന്നിദ്ധ്യം ഉറപ്പിക്കുവാനുള്ള തത്രപ്പാടിലാണ്.. ഓരോ ദിവസവും സംഭവ ബഹുലം ആയിക്കൊണ്ടിരിക്കുന്നു.. തിരക്ക് പിടിച്ച ജീവിത യാത്ര.. ബന്ധങ്ങളോ പരിചയങ്ങളോമറ്റോ, ഇടക്കെങ്കിലും ഓര്‍ത്തെടുക്കുവാന്‍ സമയത്തിന്റെ ദൌര്‍ല്ലഭ്യം.. അതിനിടയില്‍ എപ്പോഴോ എവിടെയോ..വീണ്ടും കണ്ടു.. കറുത്ത വേഷതിനുള്ളില്‍ ഒരു അഭിഭാഷകന്റെ രൂപത്തില്‍ ബ്രിട്ടോയുടെ തിളങ്ങുന്ന മുഖം.. ആത്മ വിശ്വാസം സ്ഫുരിക്കുന്ന കണ്ണുകള്‍.. നഷ്ട്ടപെട്ടതോര്‍ത്തു വേദനിക്കുവാനോ കാത്തിരിക്കുവാനോ ഇപ്പോള്‍ അവന് തെല്ലും സമയമില്ല... ഓരോ നിമിഷവും വിലപ്പെട്ടതാണ് ..എങ്ങിനെയും സമ്പാദിക്കാനുള്ള ത്വര... ആദര്‍ശവും സത്യസന്ധതയും എല്ലാം ഇന്നു അവനെ സംബന്ധിച്ചിടത്തോളംപണം ഉണ്ടാക്കുവാനുള്ള വെറും മാര്‍ഗ്ഗങ്ങള്‍ ആയി മാറിക്കഴിഞ്ഞു.. പണ്ടു തള്ളിപ്പരഞ്ഞിരുന്ന ബൂര്‍ഷ്വായിസത്തെ ഇന്നവന്‍ ആരും കാണാതെ പുറം കൈകൊണ്ടു മുറുകെ പിടിക്കുന്നു... നഷ്ട്ടപ്പെടലിന്റെ നശിച്ച ലോകത്തിലേക്ക് കൊണ്ടു ചെന്നു എത്തിക്കുന്ന ഇല്ലായ്മയെ പാടെ വെറുക്കുന്നു...തന്റെ ജീവാംശമായി കരുതുന്ന വിപ്ലവത്തെ ഉയര്‍ത്തി കാണിക്കുന്നത്പോലും ഗാന്ധിജിയുടെ ചിത്രം അടിച്ച് വച്ചിട്ടുള്ള കടലാസ് തുണ്ടുകള്‍ മുന്നില്‍ കണ്ടുകൊണ്ടു മാത്രം....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ